
സമൂഹത്തിന്റെ വെളിപ്പെടുത്തലുകളാകുന്ന കഥകൾ എന്നും നാം നെഞ്ചോട് ചേർക്കാറുണ്ട്. അത്തരത്തിൽ 16 മിനിറ്റ് കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ് നവാഗത സംവിധായകൻ Ajinsh Vijayan ൻ്റെ CONSENT എന്ന ഹ്രസ്വചിത്രം .
CONSENT അതെ അതൊരു സമ്മതമാണ്. ആശുപത്രിക്കാർ രോഗിയുടെ ബന്ധുക്കളിൽ നിന്ന് എഴുതി വാങ്ങുന്ന സമ്മതപത്രമെന്ന് ചുരുക്കി നമുക്കതിനെ വിളിക്കാം.
ശസ്ത്രക്രിയക്കിടയിൽ രോഗിക്ക് ജീവഹാനി സംഭവിക്കുകയോ, വൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്‌താൽ അതിന് ചുമതല വഹിക്കുന്ന ഡോക്ടറോ, ആശുപത്രി അധികൃതരോ അതിന് ഉത്തരവാദികളല്ല എന്നതിന് ഒരു ഒപ്പിനാൽ നൽകുന്ന മൗനസമ്മതം. പക്ഷേ ആ ഒപ്പിട്ടു നൽകുമ്പോൾ നിറയുന്ന കണ്ണുകളിലൊക്കെയും തന്റെ പ്രിയപ്പെട്ടവർ ആരോഗ്യത്തോടെ തിരികെ വരുമെന്നുള്ള പ്രതീക്ഷയുണ്ട്. തങ്ങൾ ഡോക്ടറിൽ അർപ്പിച്ച വിശ്വാസമുണ്ട്..പ്രത്യാശയുണ്ട്.
എന്നാൽ ആ കർമ്മമണ്ഡലത്തിൽ ഇരിക്കുന്നവർ തന്നെ പലപ്പോഴും രോഗിയുടെ ജീവന് വില നൽകാതെ കൈകൊള്ളുന്ന നിരുത്തരവാദപരമായ സമീപനം എങ്ങനെ ഒരു കുടുംബത്തെ ശിഥിലമാക്കുന്നു എന്ന് വരച്ചിട്ടിരിക്കുകയാണ് ഈ ഹ്രസ്വചിത്രം ..
ഗർഭിണിയായ സ്ത്രീയോട് അത്തരത്തിൽ ഒരു ഡോക്ടറുടെ ഭാഗത്തു നിന്ന് സംഭവിച്ച അനാസ്ഥ ഈ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ആയുസ്സിന്റെ കണക്കിൽ ഒരു ദിവസം നീട്ടാൻ സാധിച്ചില്ലെങ്കിലും അത് വെട്ടി കുറയ്ക്കാൻ തങ്ങൾ അധികാരപ്പെട്ടവരല്ലെന്ന് ബോധ്യമുള്ള കാവൽക്കാർ തന്നെ തന്റെ അശ്രദ്ധ മൂലം രണ്ടു ജീവനുകളെ നഷ്ടപ്പെടുത്തിയപ്പോൾ ഒരു കുടുംബത്തിൽ പാതി മനസ്സ് പേറി മരിച്ചു ജീവിക്കുന്ന പങ്കാളി കാഴ്ചക്കാരിൽ നൊമ്പരം പടർത്തുന്നു.
സമൂഹത്തിൽ ഒരു ഡോക്ടർ എങ്ങനെ ആയിരിക്കരുതെന്ന് കഥാ നായകൻ ഓർമ്മപ്പെടുത്തുമ്പോൾ അത് ഡോക്ടറിൽ തീർക്കുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല.
രോഗ പ്രയാസങ്ങളിൽ ജീവന് വേണ്ടി ജനം കൈകൂപ്പുന്ന ആതുര സേവകർ പലപ്പോഴും തങ്ങളുടെ കർമ്മവും, ധർമ്മവും മറക്കുന്നുവെന്നതിന് സമൂഹത്തിൽ നിരവധി തെളിവുകൾ ശേഷിക്കേ അത്തരത്തിൽ ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ അടർത്തിയെടുത്ത് തന്റെ സംവിധാന മികവിലൂടെ രൂപപ്പെടുത്തിയ കൺസന്റ് എന്ന ചിത്രം Ajinsh vijayan എന്ന സംവിധായകൻ്റെ സിനിമയോടുള്ള അഭിനിവേശത്തിന്റെ അടയാളമാകുകയാണ് .
Consent – Full Film | Justin Jolly Venad | Vedhaa Menon | Ajinsh Vijayan | Sreejith Varma
Jivin Johnson, Abhinav Subramanyan, Abhishek Biju, Vishnu Vylissery, Aneesh Dharma, Jees paul chirayath, Adarsh Chandran, Anas Rahman, Jishin CK എന്നീ കരുത്തുറ്റ അംഗങ്ങൾ അണിനിരന്ന കൂട്ടായ്മയായ ഉറുമ്പ് പ്രൊഡക്ഷൻസ് പുറത്തിറക്കിയ ചിത്രം അരിമണികൾ ശേഖരിച്ചു കളപ്പുരയാക്കുന്ന ഉറുമ്പുകളുടെ അധ്വാനം പോലെ ഈ കഥയ്ക്ക് കരുത്തു പകർന്ന്, താങ്ങായി തങ്ങളുടെ പേര് അന്വർത്ഥമാക്കുകയാണ് . സ്മെൽ എന്ന ഹ്രസ്വചിത്രത്തിലൂടെ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച ഒരു ആതുര സേവകൻ കൂടിയായ Rujaib panthar സ്വന്തം അനുഭവത്തിലൂടെയാണ് കഥ മെനഞ്ഞെടുത്തത്. ആശുപത്രിയിൽ ഒരു രോഗിയുടെ കൂട്ടിരിപ്പ്കാരൻ പറഞ്ഞ കൺസന്റ് സൈൻ എന്ന കേവലമൊരു വാക്കിനെ അതിന്റെ തീവ്രത ഉൾക്കൊണ്ടു കൊണ്ട് അദ്ദേഹം കഥയിൽ അവതരിപ്പിച്ചു. Abhinav Subramanyan ഛായാഗ്രഹണവും, എഡിറ്റിങും കൊണ്ട് മാറ്റു കൂട്ടിയ ചിത്രത്തിൽ Akhil jifroom സംഗീതവും Vedha Menon, Justin Jolly venad എന്നിവർ പ്രധാന വേഷവും അലങ്കരിച്ചിരിക്കുന്നു. പ്രണയമോ, അന്വേക്ഷണമോ, അക്രമമോ ഇല്ലാതെ ഒരു ഹ്രസ്വചിത്രത്തിന് എങ്ങനെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടാമെന്നതിന് ഒരു ഉത്തമ ഉദാഹരണം തന്നെയാണ് കൺസന്റ്.
Anna Baby